Home Mannarkkad ദേശീയപാത അഴുക്ക് ചാൽ നിർമ്മാണം ASP ഭൂമിയിലേക്ക്… 14 മീറ്റർ വീതി ഉറപ്പ് നൽകി ഓപ്പറേഷൻ...

ദേശീയപാത അഴുക്ക് ചാൽ നിർമ്മാണം ASP ഭൂമിയിലേക്ക്… 14 മീറ്റർ വീതി ഉറപ്പ് നൽകി ഓപ്പറേഷൻ അനന്ത ആക്ഷൻ കൗൺസിൽ

260
0

മണ്ണാർക്കാട്:ദേശീയപാത നവീകരണത്തിന്റെ ഭാഗമായുള്ള അഴുക്ക്ചാൽ നിർമ്മാണം മുൻസിപ്പാലിറ്റി ബസ്റ്റാന്റിന് എതിർവശത്തേക്ക് എത്താറായതോടെ ഒരിടവേളക്കുശേഷം ASPപട്ടയവുമായി ബന്ധപ്പെട്ട വിഷയങ്ങൾ ചില കോണുകളിൽ നിന്ന് ഉയരാൻ തുടങ്ങി.തങ്ങളുടേതെന്ന് സർക്കാരും സ്വകാര്യ വ്യക്തികളും ഒരുപോലെ അവകാശപ്പെടുന്നതും നിലവിൽ ഹൈക്കോടതിയുടെ പരിഗണനയിലുള്ളതുമായ ഭൂമിയാണ് ഇവിടെയുള്ളത്.അതു കൊണ്ട് തന്നെ ഈ ഭാഗത്തെ ദേശീയപാത പ്രവർത്തനങ്ങൾ തുടക്കം മുതലേ വിവാദങ്ങളുയർത്തുന്നുണ്ട്.ഇതുമായി ബന്ധപ്പെട്ട് നിലവിലെ സ്ഥിതിഗതികളുമായി ബന്ധപ്പെട്ട് ഓപ്പറേഷൻ അനന്ത ആക്ഷൻ കൗൺസിൽ ഭാരവാഹികൾ മണ്ണാർക്കാട് ന്യൂസിനോട് പ്രതികരിക്കുന്നു.
ദേശീയപാത നവീകരണങ്ങളുടെ ആദ്യ ഘട്ടമായി അന്നത്തെ സബ് കളക്ടർ പി.ബി.നൂഹിന്റെ നേതൃത്വത്തിൽ നടന്ന ഓപ്പറേഷൻ അനന്തയുമായി ബന്ധപ്പെട്ട് സ്ഥലമേറ്റെടുക്കൽ തുടങ്ങിയപ്പോൾ അതിന് പിന്തുണയുമായി രൂപീകരിച്ച കമ്മിറ്റിയാണ് ഓപ്പറേഷൻ അനന്ത ആക്ഷൻ കൗൺസിൽ.നഗരത്തിലെ നിരവധി തർക്ക വിഷയങ്ങൾ പരിഹരിക്കുന്നതിൽ ഈ കമ്മിറ്റിക്ക് ഇടപെടാനും കഴിഞ്ഞിരുന്നു.ബസ്റ്റാന്റിന് സമീപത്തെ ASPപട്ടയ വിഷയത്തിലും ഇടപെട്ട് സമവായ രൂപീകരണത്തിന് ശ്രമിച്ചതിന്റെ ഭാഗമായി കേസ് നിലനിൽക്കുമ്പോൾ തന്നെ ദേശീയപാതക്ക് ആവശ്യമായ 14 മീറ്റർ വീതി എന്ന നിലയിൽ ഇവിടെയും പ്രവർത്തനങ്ങൾ നടത്തുവാനുള്ള സ്ഥലം ASP ഉടമകൾ വിട്ടുനൽകാൻ MLA യുടെ സാന്നിദ്ധ്യത്തിൽ നടന്ന യോഗത്തിൽ ധാരണയായിട്ടുണ്ട്.എന്നാൽ ഈ സമവായ നീക്കത്തിൽ എതിർപ്പുള്ള ചില വ്യക്തികളും സംഘടനകളും ASP ഭൂമി ഉടമകൾക്കെതിരെ അനാവശ്യമായി പ്രകോപനം സൃഷ്ടിക്കുകയും ആശയക്കുഴപ്പമുണ്ടാക്കുകയും ചെയ്യുന്ന സാഹചര്യവും നിലവിലുണ്ട്.സമവായ നീക്ക പ്രകാരം പ്രവർത്തനം നടത്തിയാൽ തടയുമെന്ന രീതിയിൽ കരാറുകാരായ ഊരാളുങ്കൽ ജീവനക്കാരോടും ഇവർ പറയുന്നു.സമവായത്തിലൂടെ വിട്ടുനൽകാൻ തയ്യാറാകുന്നവരെക്കൂടി ഇപ്പോൾ വിട്ടുനൽകരുതെന്നും ഭാവിയിൽ സർക്കാർ ഈ ഭൂമിക്ക് പണം നൽകുമെന്നൊക്കെയുള്ള വ്യാജ പ്രചരണങ്ങളുമായി സമീപിക്കുന്ന സാഹചര്യവും നിലവിലുണ്ട്.ASPഎന്ന് പറയപ്പെടുന്ന ഈ ഭൂമിയുടെ നിലവിലെ കൈവശക്കാർ ഭൂരിഭാഗം പേരും ഇത് വലിയ വില കൊടുത്ത് വാങ്ങിയതാണെന്ന യാഥാർത്യം നിലനിൽക്കേ ഈ ഉടമകളിൽ ചിലരോടുള്ള വ്യക്തി വൈരാഗ്യവും ആക്ഷൻ കൗൺസിലിനോടുള്ള എതിർപ്പും മൂലം ചില വ്യക്തികളുടെയും സംഘടനകളുടെയും പ്രവർത്തനം കൊണ്ട് തടസ്സപ്പെടുന്നത് നഗരവികസനമെന്ന നാട്ടുകാരുടെ ദീർഘകാല ആഗ്രഹമാണ്. എതിർപ്പുന്നയിക്കുന്നവർക്ക് പ്രശ്നത്തിനുള്ള മറ്റു പരിഹാരങ്ങൾ നിർദ്ധേശിക്കുവാൻ കഴിയുന്നില്ല.കോടതിയിലെ കേസ് കഴിയുന്നതുവരെ കാത്തിരുന്നാൽ അടുത്ത കാലത്തൊന്നും ഇവിടെ പ്രവർത്തനങ്ങൾ നടത്താൻ കഴിയില്ലെന്നതാണ് യാഥാർത്ഥ്യം. നാട്ടുകൽ മുതൽ താണാവ് വരെ ഏറ്റവും നല്ല രീതിയിൽ നടന്നുകൊണ്ടിരിക്കുന്ന ഈ പ്രവർത്തനങ്ങളുടെ യഥാർത്ഥ ഫലം നഗരത്തിന് കിട്ടാതിരിക്കുവാൻ മാത്രമേ ഇത്തരം എതിർപ്പുകൾ കാരണമാകൂ എന്നും ആക്ഷൻ കൗൺസിൽ ഭാരവാഹികൾ പറയുന്നു. സമവായത്തിലൂടെ ഭൂമി വിട്ടുതരുന്നത് മൂലം നിലവിൽ കോടതിയുടെ പരിഗണനയിലുള്ള കേസിന് ഒരു വ്യത്യാസവും ഉണ്ടാകുന്നില്ല.ഭാവിയിലെ കോടതി വിധി എന്തായാലും അത് നടപ്പാക്കുന്നതിൽ ഇന്നത്തെ സമവായ തീരുമാനം ബാധകമാവുകയുമില്ല എന്നിരിക്കെ വ്യക്തിപരമായ താൽപ്പര്യങ്ങൾ മാറ്റി വച്ച് ഓരോ മണ്ണാർക്കാട്ടുകാരനും ദേശീയ പാത പ്രവർത്തനങ്ങളുടെ സുഖകരമായ നടത്തിപ്പിന് പിന്തുണ പ്രഖ്യാപിക്കേണ്ട സമയമാണിതെന്നും ഓപ്പറേഷൻ അനന്ത ആക്ഷൻ കൗൺസിൽ ഭാരവാഹികൾ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here